Sunday, December 21, 2025

പാക് ഭീകരതയെ തരിപ്പണമാക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായി വന്നത് വെറും 23 മിനിറ്റ് ! പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ശ്രീനഗര്‍: പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭുജ് വ്യോമതാവളത്തില്‍ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി. പാകിസ്ഥാൻ ലഭിക്കുന്ന പണം മുഴുവനും ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാല്‍ അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര നാണയനിധിയോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ മുരിദ്‌കെയിലേക്ക് പാക് മന്ത്രി റാണ തന്‍വീര്‍ ഹുസൈന്‍ സന്ദര്‍ശനം നടത്തുകയും ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്ന പ്രദേശം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

“മുരിദ്‌കെയിലേയും ഭവല്‍പുരിലേയും ലഷ്‌കര്‍ തൊയ്ബയുടേയും ജെയ്‌ഷെ മുഹമ്മദിന്റേയും താവളങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ധനസഹായം പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി വിനിയോഗിക്കും. പാകിസ്ഥാന് നല്‍കുന്ന എല്ലാ ധനസഹായവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുന്നതാണ്. പാകിസ്ഥാന് ഇപ്പോള്‍ ‘പ്രൊബേഷന്‍’ അനുവദിച്ചിരിക്കുകയാണെന്നും നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കില്‍ പാക്കിസ്ഥാന് തന്നെയാണ് നല്ലത് അല്ലാത്തപക്ഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള കടുത്ത ശിക്ഷാനപടി നേരിടേണ്ടി വരും.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ശരിയായ സമയം വരുമ്പോള്‍ മുഴുവന്‍ ചിത്രവും ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. പാകിസ്ഥാനിലെ സാധാരണ ജനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ പിരിച്ചെടുത്ത 14 കോടി രൂപ ഐക്യരാഷ്ട്ര സഭ പോലും ഭീകരനെന്ന് മുദ്രകുത്തിയ മസൂദ് അസ്ഹറിനായി ചെലവിടാനാണ് പാക് പദ്ധതി.

1965-ലും 1971-ലും പാകിസ്ഥാനെതിരെ നേടിയ വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭുജിന് ഇത്തവണത്തെ വിജയത്തിലും പങ്കുചേരാനായി. ഭുജ് സന്ദര്‍ശിക്കാനായതില്‍ താനേറെ അഭിമാനിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ സുപ്രധാനപങ്കുവഹിച്ച വ്യോമസേനയെ സിങ് അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയതില്‍ വ്യോമസേനയ്ക്ക് പ്രധാന പങ്കുണ്ട്. പാക് ഭീകരതയെ തരിപ്പണമാക്കാന്‍ വെറും 23 മിനിറ്റ് മാത്രമേ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായി വന്നുള്ളൂ. പാകിസ്ഥാന്‍ പോലും ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ കരുത്തിനെ അംഗീകരിച്ചു. രാത്രിയുടെ അന്ധകാരത്തില്‍ പകലിന്റെ പ്രകാശം പരത്താന്‍ ബ്രഹ്‌മോസിനായി”-രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles