ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങില്‍ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ. ഐസിസി പുറത്താക്കിയ ഏറ്റവും പുതിയ പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്ക് പിടിച്ചെടുത്തത്. നീണ്ട 15 മാസങ്ങളാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടർന്നത്.
അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തിൽ സംശയമില്ല. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.
പുതിയ പട്ടിക പ്രകാരം ഓസ്‌ട്രേലിയ രണ്ടാം റാങ്കിലും ഇംഗ്ലണ്ട് മൂന്നാം റാങ്കിലും ദക്ഷിണാഫ്രിക്ക നാലാം റാങ്കിലും ന്യൂസിലന്‍ഡ് അഞ്ചാം റാങ്കിലും നില്‍ക്കുന്നു. പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളാണ് യഥാക്രമം ശേഷിക്കുന്ന സ്ഥാനങ്ങളിലുള്ളത്.
2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് റാങ്കിങ് കണക്കാക്കുന്നതില്‍ മാനദണ്ഡമാക്കിയത്.
2022 ജനുവരിയില്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആഷസ് പരമ്പരയ്ക്കിറങ്ങിയ ഓസീസ് 4-0ത്തിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര തൂത്തുവാരി. അതെസമയം ഒന്നാം റാങ്കില്‍ നില്‍ക്കെ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 2-0ത്തിന് പരമ്പര അടിയറവ് വച്ചു. ഇതോടെയാണ് ഓസ്‌ട്രേലിയ ഒന്നാം റാങ്കിലേക്ക് കയറിയത്.
നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 116 പോയിന്റുമാണുള്ളത്.

