തോപ്പുംപടി : സ്‌കൂട്ടർ യാത്രികനായ യുവാവിനെ വാഹനമിടിച്ചു വീഴ്ത്തി നിർത്താതെ പോയ സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജി.പി. മനുരാജിനെ കാസർഗോഡ് ജില്ലയിലെ ചന്തേരയിലേക്ക് സ്ഥലംമാറ്റി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. മനുരാജ് ഓടിച്ച വാഹനമിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം വൻ വിവാദമായതിന് പിന്നാലെ തോപ്പുംപടി പൊലീസ് കേസ് എടുത്തിരുന്നു. അന്വേഷണത്തിനു മട്ടാഞ്ചേരി എസിപി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു.
മനുരാജും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ച കാറിടിച്ച് പാണ്ടിക്കുടി ഇല്ലിപ്പറമ്പിൽ വിമൽ ജോളി (29) ക്കാണ് പരിക്കേറ്റത്. വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള വാഹനം അപകട സമയത്ത് ഓടിച്ചിരുന്നത് മനുരാജായിരുന്നു. എന്നാൽ അപകടമുണ്ടായിട്ടും കാർ നിർത്താതെ പോയത് വൻ വിവാദമായിരുന്നു. നിർത്താതെ പോയ വാഹനത്തെ ചില യുവാക്കൾ പിന്തുടർന്നു തടഞ്ഞു. എന്നാൽ സ്ഥലത്തെത്തിയ പോലീസ് വാഹനത്തിലുണ്ടായിരുന്നവരെ പോകാൻ അനുവദിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാതെ ഉരുണ്ടുകളിച്ചതും വിവാദമായി. സംഭവം വിവാദമായതോടെ യാണ് ഒടുവിൽ തോപ്പുംപടി പൊലീസ് കേസെടുത്തത്. 279, 337, 338 വകുപ്പുകൾ ചുമത്തിയാണ് കേസെന്നു തോപ്പുംപടി പൊലീസ് അറിയിച്ചു. എന്നാൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ എന്ന നിലയിരുന്നു കേസെടുത്തത്. ഇതും വിവാദമായി. അപകടത്തിൽ പരുക്കേറ്റ വിമൽ ജോളി നൽകിയ മൊഴിയിൽ പ്രതിയുടെ പേര് പറയാത്തതിനാലാണു പ്രഥമ വിവര റിപ്പോർട്ടിൽ ഇൻസ്പെക്ടറുടെ പേര് പരാമർശിക്കാതിരുന്നതെന്നാണു പൊലീസ് പറയുന്നത്.എന്നാൽ യുവാക്കൾ തടഞ്ഞു നിർത്തിയ വാഹനത്തെ പോകാൻ അനുവദിച്ചപ്പോൾ പോലീസുകാർ വാഹനത്തിലുണ്ടായിരുന്ന മനുരാജിനെ തിരിച്ചറിഞ്ഞില്ല എന്നത് സംശയത്തിനിടയാക്കി. എഫ്ഐആറിൽ തിരുത്തൽ വരുത്താനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

