ന്യൂയോര്‍ക്ക്: ഹിജാബ് ധരിക്കണമെന്ന നിർബന്ധത്തെ തുടർന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായുള്ള അഭിമുഖം റദ്ദാക്കിയതായി മുതിർന്ന മാധ്യമപ്രവർത്തക ക്രിസ്റ്റ്യൻ അമൻപൂർ. അഭിമുഖത്തിനായി സമീപച്ചപ്പോള്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഹിജാബ് ധരിക്കണമെന്ന നിർബന്ധം ഉണ്ടായി, എന്നാല്‍ ഇതിന് തയ്യാറല്ലാത്തതിനാല്‍ അഭിമുഖം റദ്ദാക്കുകയായിരുന്നുവെന്നുമാണ് മാധ്യമപ്രവർത്തക അറിയിക്കുന്നത്.
‘ഞാന്‍ അവരുടെ ആവശ്യത്തെ നിരസിച്ചിരുന്നു. നമ്മള്‍ ന്യൂയോര്‍ക്കിലാണ്. അവിടെ ഹിജാബ് ധരിക്കണമെന്ന് നിയമവുമില്ല അത്തരത്തിലൊരു പാരമ്പര്യവുമില്ല. ഇറാനിന് പുറത്തുവെച്ച് ഇറാനിയന്‍ പ്രസിഡന്റുമാരെ മുമ്പും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പക്ഷേ അവര്‍ ആരും ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,’ അമന്‍പൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയാണ് അഭിമുഖത്തില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള പ്രസിഡന്റിന്റെ നടപടി. ഹിജാബ് ധരിച്ചില്ലെങ്കില്‍ താന്‍ അഭിമുഖത്തിന് താത്പര്യപ്പെടുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞതായും മാധ്യമപ്രവര്‍ത്തക തന്റെ ട്വിറ്ററില്‍ കുറിച്ചു. ഹിജാബ് ധരിക്കുന്നത് ബഹുമാനം കാണിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞതായും ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, ഹിജാബ് ഡ്രസ് കോഡിന്റെ പേരില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

