ലക്‌നൗ: ഉത്തര്‍പ്രദേശിലെ സാംബലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഇസ്‌ലാമിസ്റ്റുകൾ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്നു മരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഷാഹി ജുമാ മസ്ജിദിന് മുന്നിലായിരുന്നു സംഭവം. ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് ഉണ്ടാക്കിയതെന്ന പരാതിയിൽ കോടതി ഉത്തരവ് പ്രകാരം പള്ളി ഇരിക്കുന്ന സ്ഥലത്ത് സർവേ നടത്താൻ ഉദ്യോഗസ്ഥർ എത്തിയത്. സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. എന്നാൽ സര്‍വേ നടത്താന്‍ സമ്മതിക്കില്ലെന്ന് ആക്രോശിച്ച് ഒരു കൂട്ടം ഇസ്‌ലാമിസ്റ്റുകൾ രംഗത്തെത്തുകയും സര്‍വേയ്ക്ക് എത്തിയ പോലീസിന് നേരെ കല്ലെറിയുകയുമായിരുന്നു.
ജുമാ മസ്ജിദിന്റെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ പോലീസിനും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇതോടെയാണ് പോലീസ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരായത്. 18 പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഡ്രോണിന്റെ സഹായവും പോലീസ് തേടി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ സര്‍വേ പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

