Saturday, December 13, 2025

ഇടത് സർക്കാർ ശബരിമലയോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ! വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാനായില്ലെങ്കിൽ ദേവസ്വം ബോർഡ് പുറത്തു പോകണമെന്നും ആവശ്യം

ശബരിമലയോട് ഇടത് സർക്കാർ കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും മാലയിട്ട് വ്രതം നോറ്റുവരുന്ന ഏതൊരു ഭക്തനും ദർശനം നടത്താൻ അനുമതി നൽകണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി. ഭക്തർക്ക് ക്ഷേത്രാചാരങ്ങൾ പാലിച്ചുകൊണ്ട് സുഗമമായി ദർശനം നടത്തുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും സൗകര്യമൊരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡുകൾക്കാണ് ആ ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയില്ലെങ്കിൽ രാജി വച്ച് പോകണമെന്നും ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

“ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വേണ്ടിയാണ്. ക്ഷേത്രങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടും ഭക്തജനങ്ങളുടെ വിശ്വാസങ്ങളും താല്പര്യങ്ങളും സംരക്ഷിച്ചു കൊണ്ടും ക്ഷേത്രങ്ങളെ പരിപാലിക്കുന്നതിനു വേണ്ടിയാണ് ദേവസ്വം ബോർഡുകൾ . ഭക്തർക്ക് ക്ഷേത്രാചാരങ്ങൾ പാലിച്ചുകൊണ്ട് യാതൊരു തടസ്സങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ സുഗമമായി ദർശനം നടത്തുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും സൗകര്യമൊരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡുകൾക്കാണ്. ദേവസ്വം ബോർഡുകൾ ആ ഉത്തരവാദിത്വം നിർവഹിക്കണം. അതിനു സാധിക്കുന്നില്ലെങ്കിൽ ദേവസ്വംഭരണക്കാർക്ക് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ല . അവർ രാജിവച്ചു പുറത്തു പോകണം.

ഭാരതത്തിൽ ഏതൊരു പൗരനും അവന്റെ വിശ്വാസപ്രകാരം അവന്റെ ആരാധനാലയത്തിൽ ദർശനവും പ്രാർത്ഥനയും നടത്താനുള്ള അവകാശം ഉണ്ട് . അയ്യപ്പഭക്തന്മാരുടെ ആ അവകാശത്തെയാണ് സർക്കാരും ദേവസ്വം ബോർഡും തടസ്സപ്പെടുത്തുന്നത്. ദേവസ്വംഭരണത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ കൈകടത്താൻ ഉള്ള യാതൊരുവിധ അധികാരങ്ങളും മതേതര സർക്കാരിനില്ലെന്നിരിക്കെ സർക്കാർ, ക്ഷേത്ര വിരുദ്ധരായ ആജ്ഞാനുവൃത്തികളെ ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തെ തകർക്കാനുള്ള പ്രവർത്തനങ്ങളാണ് കാലങ്ങളായി നടത്തി വരുന്നത് . ഇത് അനുവദിച്ചു തരാൻ സാദ്ധ്യമല്ല. ക്ഷേത്രങ്ങളോട് വിശിഷ്യാ ശബരിമലയോട് ഇടത് സർക്കാർ കാണിക്കുന്ന അനീതി അവസാനിപ്പിച്ച് മാലയിട്ട് വ്രതം നോറ്റുവരുന്ന ഏതൊരു ഭക്തനും ദർശനം നടത്താൻ അനുമതി നൽകണം. “- കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എസ്. നാരായണൻ പുറത്തിറക്കിയപ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles