വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമിയായ വരുന്ന പതിനഞ്ചാം തീയതി വെള്ളിയാഴ്ച തഞ്ചാവൂർ രാജാവ് ദർശനത്തിനെത്തും. തഞ്ചാവൂർ മറാത്ത രാജവംശത്തിലെ അഞ്ചാമത്തെ തലമുറയിലെ ശിവജി രാജാ ഭോസ്‌ലേയാണ് വരുന്നത്. മറാത്ത രാജാവായിരുന്ന ശിവജിയുടെ അർദ്ധ സഹോദരനായ വ്യാങ്കോജിയാണ് ഭോസ്‌ലേ രാജവംശത്തിൽ നിന്നുള്ള തഞ്ചാവൂരിലെ ആദ്യത്തെ രാജാവ്. ചോളഭരണത്തിന്റെ തകർച്ചയെ തുടർന്ന് പാണ്ഡ്യരുടെ ഭരണവും വിജയനഗര സാമ്രാജ്യത്തിന്റെ അധിനിവേശത്തെയും തുടർന്നാണ് തഞ്ചാവൂരിൽ ഭോസ്‌ലേ രാജവംശം ഭരണം സ്ഥാപിച്ചത്.
ആയ് രാജവംശത്തിന്റെ തകർച്ചയെ തുടർന്ന് പൗർണമിക്കാവിലെ ഉടവാൾ കൊണ്ടുപോയത് ചോഴൻമാരാണ് എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് . അതിന്റെ പാപ പരിഹാരത്തിനായി പഞ്ചശക്തിപൂജ ചെയ്യാൻ കൂടിയാണ് തഞ്ചാവൂർ രാജാവ് പൗർണമിക്കാവിൽ വരുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി .

