മൗണ്ട് മൗംഗനൂയി : ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ചെറുത്തു നിൽപ്പുമായി ആതിഥേയരായ ന്യൂസീലൻഡ്. ഇംഗ്ലണ്ടിന്റെ 325 റൺസെന്ന ഒന്നാമിന്നിങ്സ് സ്‌കോർ പിന്തുടർന്ന് ബാറ്റ് വീശിയ കിവീസ് 82.5 ഓവറിൽ 306 റൺസ് നേടി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ന്യൂസിലാൻഡിനു സെഞ്ചറിയുമായി തിളങ്ങിയ ടോം ബ്ലണ്ടലിന്റെ ഇന്നിങ്‌സാണ് നട്ടെല്ലായത്. കരിയറിലെ നാലാം ടെസ്റ്റ് സെഞ്ചറി കുറിച്ച ബ്ലണ്ടൽ, തന്റെ ഉയർന്ന സ്കോറും കുറിച്ചു. ബ്ലണ്ടൽ 181 പന്തിൽ 19 ഫോറും ഒരു സിക്സും സഹിതം 138 റൺസെടുത്തു. 10–ാം വിക്കറ്റിൽ ടിക്നറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും അദ്ദേഹം ഉണ്ടാക്കി. ഇരുവരും ചേർന്നു നേടിയത് 59 റൺസ് നിർണ്ണായകമായി.
കിവീസിനായി ഓപ്പണർ ഡിവോൺ കോൺവേ അർധസെഞ്ചറി നേടി. 151 പന്തുകൾ നേരിട്ട കോൺവേ ഏഴു ഫോറും ഒരു സിക്സും സഹിതം നേടിയത് 77 റൺസ്. നീൽ വാഗ്‍നർ (32 പന്തിൽ 27), കുഗ്ഗെലെയ്ൻ (36 പന്തിൽ 20), ടിം സൗത്തി (13 പന്തിൽ 10) എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.
ഇംഗ്ലണ്ടിനായി റോബിൻസൻ നാലു വിക്കറ്റും ജയിംസ് ആൻഡേഴ്സൻ മൂന്നു വിക്കറ്റുമെടുത്തു. സ്റ്റുവാർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ബെൻ സ്റ്റോക്സ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

