Friday, December 19, 2025

ഗസലിലെ ചിരി മാഞ്ഞു….. പങ്കജ് ഉധാസ് അന്തരിച്ചു ; വിട വാങ്ങിയത് രാജ്യം പത്മശ്രീ നൽകി ആദരിച്ച കലാകാരൻ

ദില്ലി : പ്രശസ്ത ​ഗസൽ ​ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉധാസ് അന്തരിച്ചു. ഏറെ നാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മകൾ നയാബ് ഉധാസ് സോഷ്യൽ മീഡിയയിലൂടെയാണ് വിയോ​ഗ വാർത്ത അറിയിച്ചത്.

1986-ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉധാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത തന്നെ തുറന്നെങ്കിലും പങ്കജ് ഉധാസിന്റെ പ്രണയം എന്നും പ്രണയവും ലഹരിയും ഇഴചേര്‍ന്ന നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു.

ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. മൂത്ത സഹോദരന്‍ മന്‍ഹര്‍ ഉധാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. കല്ല്യാണ്‍ജി ആനന്ദ്ജിമാരുടെ സഹായിയായി മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മന്‍ഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും അര്‍ഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല. അതുകൊണ്ട് തന്നെ ചേട്ടന്റെ പാത പിന്തുടര്‍ന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്തു. “ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍” എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.

ഗസല്‍ ജീവിതവഴിയായി തെരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠിക്കുകയാണ്. പിന്നീട് കാനഡയിലേയ്ക്ക് പറന്നു. പത്ത് മാസം കാനഡയിലും യു. എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ ആഹത് എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെയാണ് പങ്കജ് തന്റെ വരവ് അറിയിച്ചത്. പിന്നീട് പങ്കജ് ഉധാസിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല. സൈഗളിനും ജഗജിത്ത് സിങ്ങിനും തലത്ത് മുഹമ്മദിനുമെല്ലാം ഒപ്പം സമാനതകളില്ലാത്ത ആലാപനശൈലി ഇന്ത്യന്‍ ഗസലിന്റെ മുഖം തന്നെയായി മാറി പങ്കജ്.

ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്. സം​ഗീത ലോകത്തിന് നൽകിയ സംഭാവനകൾ പരി​ഗണിച്ച് 2006-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Related Articles

Latest Articles