Wednesday, December 24, 2025

അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന 4 കഷ്‌ണം തടികൾ കണ്ടെത്തിയെന്ന് ലോറി ഉടമ; പുഴയിലൂടെ ഒഴുകിയെത്തിയ തടികൾ ലഭിച്ചത് 12 കിലോമീറ്റർ അപ്പുറത്ത് നിന്ന് ; ഐബോഡ് പരിശോധന പുരോഗമിക്കുന്നു

കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലി നദിയില്‍ പുതഞ്ഞ മലയാളി ഡ്രൈവർ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം തുടരുന്നതിനിടെ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയെന്ന് മനാഫ് വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കണ്ടെത്തിയത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് കർണാടക പോലീസ് സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

അതേസമയം അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. നദിയുടെ പ്രതലത്തിനോട് ചേർന്ന് ഐബോർഡ് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. ഇതിലൂടെ പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും കൂടുതൽ വ്യക്തമാകും. ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ പൊസിഷൻ ലഭിക്കാന്‍ രണ്ട് മണിക്കൂറോളം വേണ്ടി വരും. എന്നാൽ ട്രക്കില്‍ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ കഴിഞ്ഞേക്കില്ല.

അതേസമയം ശക്തമായ അടിയൊഴുക്ക് മൂലം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിൽ അതിശക്തമായ അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.‌ അതേസമയം, നദിക്കരയിൽ രണ്ട് ബൂം എക്സകവേറ്ററുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്. അടിയൊഴുക്ക് മറികടക്കാന്‍ താത്കാലിക തടയണ നിര്‍മ്മിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി പരിഗണിക്കുന്നുണ്ട്.

ഇന്ന് ദൗത്യത്തിൽ ഇരുന്നൂറോളം പേർ നേരിട്ട് പങ്കെടുക്കുന്നുണ്ട്. 31 എൻഡിആർഎഫ് അംഗങ്ങൾ, 42 എസ്‌ഡിആർഎഫ് അംഗങ്ങൾ, കരസേനയുടെ 60 അംഗങ്ങൾ, നാവികസേനയുടെ 12 ഡൈവർമാർ, കർണാടക അഗ്നിരക്ഷാ സേനയുടെ 26 അംഗങ്ങൾ, റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ സാങ്കേതിക സംഘം, ബൂം എക്സ്കവേറ്റർ അടക്കംഉപകരണങ്ങളുടെ വിദഗ്ദർ, നൂറോളം വരുന്ന പൊലീസ് സംഘം,ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്.

Related Articles

Latest Articles