Saturday, December 13, 2025

ആർത്തിരമ്പിയ ചെപ്പോക്കിനെ നിശ്ശബ്ദനാക്കിയ മലയാളി പയ്യൻ !! ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൻ മുംബൈയുടെ മിന്നും താരമായത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്ളാമർ പോരാട്ടമായ ചെന്നൈ -മുംബൈ മത്സരം കഴിഞ്ഞ ദിവസമാണ് നടന്നത്. മത്സരത്തിൽ മുംബൈ പരാജയത്തിന്റെ കയ്പുനീർ കുടിച്ചുവെങ്കിലും ആ നീലക്കുപ്പായത്തിൽ മിന്നലാട്ടം നടത്തിയ ആ മലയാളി പയ്യനെ കാണികളാരും മറക്കില്ല. മുംബൈയുടെ കണ്ടെത്തലുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുകയാണ് മലയാളി താരം വിഘ്നേഷ് പുത്തൂർ. മത്സരത്തിൽ ചെന്നൈയുടെ 24 കാരനായ ഈ റിസ്റ്റ് സ്പിന്നർ വീഴ്ത്തിയത്. ആദ്യ മൂന്ന് ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി വിഘ്നേഷ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു.
കേരളത്തിനായി സീനിയർ ലെവൽ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത യുവതാരമായിരുന്നു വിഘ്നേഷ് എന്നോർക്കണം. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി വിഘ്‌നേഷ് എത്തിയത്.

മലപ്പുറം സ്വദേശിയാണ് വിഘ്‌നേഷ്. അച്ഛൻ സുനിൽ കുമാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, അമ്മ കെ പി ബിന്ദു വീട്ടമ്മയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, കുടുംബം അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയിൽ ഒരു പിന്തുണയായി കൂടെ നിൽക്കുന്നു.കോളേജ് തല ക്രിക്കറ്റിൽ മീഡിയം പേസറായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് കരിയറിൽ സ്പിൻ ബൗളിംഗിലേക്ക് മാറി. കേരളത്തിനുവേണ്ടി അണ്ടർ 23 ഉൾപ്പെടെയുള്ള പ്രായപരിധിയിലുള്ള ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും, സീനിയർ തലത്തിൽ അദ്ദേഹത്തിന് ഇതുവരെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കേരള ക്രിക്കറ്റ് ലീഗിൽ കളിച്ചപ്പോഴാണ് മുംബൈ ഇന്ത്യൻസ് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞത്. 2025 ലെ ഐപിഎൽ ലേലത്തിൽ മുംബൈ 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്.

ഈ വർഷം ആദ്യം, മുംബൈ അദ്ദേഹത്തെ SA20 യുടെ മൂന്നാം സീസണിനായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. അവിടെ അദ്ദേഹം MI കേപ് ടൗണിനായി നെറ്റ് ബൗളറായി സേവനമനുഷ്ഠിച്ചു. അവിടെ, T20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാനൊപ്പം പരിശീലനം നടത്താനും വിഘ്‌നേശിന് അവസരം ലഭിച്ചു. മുംബൈയുടെ വരും മത്സരങ്ങളിലും വിഘ്‌നേഷ് അത്ഭുതങ്ങൾ കാട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ആരാധകരും

Related Articles

Latest Articles