Friday, December 19, 2025

സുഡാനിൽ സൈനിക കലാപം അതിരൂക്ഷം ! ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി

ദില്ലി : സുഡാനിൽ സൈനിക കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടനടി നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമുണ്ടായി. വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്ന് യോഗം ചേർന്നത്. 3000ൽപരം ഇന്ത്യക്കാരാണ് സുഡാനിൽ ഇപ്പോൾ ഉള്ളതെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. സുഡാനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി ആരാഞ്ഞു. ജാഗരൂകരായിരിക്കാനും സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി. സുഡാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായി ആശയ വിനിമയം നടത്താനും പ്രധാനമന്ത്രി നിർദേശിച്ചു. കലാപത്തിനിടെ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

സുഡാനിലെ സ്ഥിതിഗതികളെപ്പറ്റി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തിയിരുന്നു. സുഡാനിലെ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സുഡാനിലെ ഇന്ത്യൻ അംബാസഡർ രവീന്ദ്ര പ്രസാദ് ജയ്സ്വാൾ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Latest Articles