ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തെരച്ചിൽ ഏഴാം മണിക്കൂറിലേക്ക്. രാത്രിയായാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആലോചിച്ചിരുന്നെങ്കിലും, രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരാനാണ് ഇപ്പോൾ തീരുമാനം. ഇതിനായി ലൈറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് സജ്ജീകരിക്കുകയാണ്.
അതേസമയം ടണലില്‍ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്ന് സ്‌കൂബാസംഘാംഗം പറഞ്ഞു. ടണലിനകത്ത് മുഴുവന്‍ ഇരുട്ടാണ്. മുട്ടുകുത്തി നില്‍ക്കാന്‍പോലും കഴിയുന്നില്ല. ഇനി ടണലിന്റെ മറുവശത്തുനിന്ന് അകത്തേക്ക് കയറാനാണ് ശ്രമിക്കുന്നതെന്നും സ്‌കൂബാസംഘാംഗം പറഞ്ഞു.
രാത്രിയായാൽ തെരച്ചിൽ നിർത്തി വെക്കേണ്ടി വരുമെന്നും രാത്രിയായാൽ സ്കൂബ ഡൈവേഴ്‌സ് പരിശോധന ബുദ്ധിമുട്ടാണെന്നും ഫയർ ഓഫീസർ പ്രതികരിച്ചു. അതേസമയം, മറുവശത്തെ ടണലിലെ പരിശോധനയും വിഫലമായി. 15 മീറ്റർ മാത്രമാണ് അകത്തേക്ക് കയറാനായത്. മുഴുവൻ ചെളി മൂടി കിടക്കുകയാണ്. മറുവശത്ത് ഇനി തെരച്ചിൽ നടത്തേണ്ട കാര്യമില്ലെന്നും സ്കൂബ സംഘം പറഞ്ഞു. അപകടം നടന്ന ഭാഗത്തെ ടണലിൽ കൂടുതൽ പരിശോധന നടത്തും. അവിടെ 30 മീറ്റർ വരെ സ്കൂബ ഡൈവേഴ്‌സ് പോയിരുന്നു.
കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42 കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

