ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നും തുടരും. രാവിലെ 8 മണിയോടെയാകും പരിശോധന ആരംഭിക്കുക. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തുക. നാവികസേനയും തെരച്ചിലിൽ പങ്കെടുക്കും.
നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ പറയുന്നത്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിങ് സംഘം പുഴയിൽ മുങ്ങി പരിശോധന നടത്തൂ. കരസേനയുടെ സഹായവുമുണ്ടാകും.
ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഈശ്വർ മൽപെ പറയുന്നത്. പുഴയുടെ അടിയൊഴുക്ക് കുറഞ്ഞു. മുങ്ങിത്താഴുമ്പോള്‍ പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ പറഞ്ഞു.

