സിംഗപ്പൂർ സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂർ സന്ദർശനത്തിന് പിന്നാലെ ഗണേശോത്സവത്തിന് ഒരുങ്ങി സിംഗപ്പൂരിലെ ഭാരതീയ പ്രവാസി സമൂഹം. ഇന്ന് മുതൽ അഞ്ച് ദിവസം സിംഗപ്പൂർ സിറ്റി ഗണേശോത്സവത്തിന് വേദിയാകും. മോദിയുടെ സന്ദർശനവേളയിൽ വാദ്യസംഘത്തിന് നേതൃത്വം നൽകിയ മഹാരാഷ്ട്ര മണ്ഡൽ അദ്ധ്യക്ഷൻ സച്ചിൻ ഗഞ്ചപുർകാറിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
മുപ്പത് വർഷമായി മഹാരാഷ്ട്ര മണ്ഡൽ പഞ്ചദിന ഗണേശോത്സവം കൊണ്ടാടാറുണ്ടെന്ന് സച്ചിൻ പറഞ്ഞു. വലിയ പന്തൽ ഇതിനായി സിംഗപ്പൂർ സിറ്റിയിൽ ഒരുങ്ങിക്കഴിഞ്ഞു. ഗണേശപ്രതിമകൾ ഭാരതത്തിൽ നിന്നാണെത്തിച്ചത്. മണ്ണ് കൊണ്ട് നിർമ്മിച്ചതാണ് പ്രതിമകൾ. മൂന്നടി ഉയരമുള്ള ഗണേശ പ്രതിമ പന്തലിൽ സ്ഥാപിക്കും. 25000 പ്രവാസികൾ ആഘോഷത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സച്ചിൻ പറഞ്ഞു.
എല്ലാ വീടുകളിലും ഗണേശപ്രതിമകൾ പൂജിക്കുന്നുണ്ടെന്ന് സിംഗപ്പൂരിൽ ഉദ്യോഗസ്ഥനായ ശൈലേന്ദ്രവർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തവണത്തെ ആഘോഷത്തിന് ആവേശം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയെത്തുന്ന ഗണേശോത്സവത്തിന് ഇരട്ടി മധുരമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ ആവേശത്തോടെയാണ് ഗണേശോത്സവത്തെ ഭാരതീയ സമൂഹം വരവേൽക്കുന്നതെന്ന് പൂനെയിൽ നിന്നുള്ള ധനശ്രീ രാഹുൽ ഭാംറെ പറഞ്ഞു. ”പതിമൂന്ന് വർഷമായി ഞാൻ സിംഗപ്പൂർ സിറ്റിയിലുണ്ട്. മോദിജി വന്നതോടെ ഇക്കുറി ഈ നാട്ടുകാരും ഞങ്ങളുടെ ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. വലിയ അഭിമാനം തോന്ന ന്നു. കുട്ടികളും വലിയ ഉത്സാഹത്തിലാണ് എന്ന് ധനശ്രീ പറഞ്ഞു.

