മോസ്കോ: റഷ്യൻ സേനയുടെ ആണവായുധ – രാസായുധ വിഭാഗം മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രെയ്‌ൻ. യുക്രെയ്‌ൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്ബിയു ആണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് വെളിപ്പെടുത്തൽ. മോസ്‌കോയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിയാണ് ലഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്. ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത റഷ്യൻ ഉദ്യോഗസ്ഥനാണ് കിറിലോവ്.
യുക്രെയ്‌നിൽ നിരോധിത രാസായുധങ്ങൾ വൻതോതിൽ ഉപയോഗിച്ചതിന്റെ ഉത്തരവാദി ഇഗോർ കിറിലോവ് ആണെന്ന് യുക്രെയ്‌ൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂട്ടറിലെ ബോംബാക്രമണം. റഷ്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മിഖായേൽ ഷാറ്റ്‌സ്‌കിയും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് വ്ലാദിമിർ പുടിന്‍റെ വിശ്വസ്തനായിരുന്ന അദ്ദേഹത്തെ മോസ്‌കോയ്ക്ക് സമീപം ഒരു പാർക്കിൽ അജ്ഞാതർ വെടിവെച്ച് കൊല്ലുകയായിരുന്നു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യ പ്രയോഗിക്കുന്ന സുപ്രധാന മിസൈലുകൾ മിക്കതും വികസിപ്പിച്ചത് മിഖായേൽ ഷാറ്റ്‌സ്‌കി ആയിരുന്നു. കൊലപാതകങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

