കടുത്തുരുത്തി: കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന യുവാവിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ വീടിന് മുന്നിലെ നെയിം ബോര്‍ഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ തീരാനോവായി മാറുന്നു. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായിയായ മോഹന്‍ ദാസിന്‍റെ ഏകമകളാണ് വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്നു വന്ദന. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസി തുടങ്ങി. പരീശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി. എന്നാൽ സ്വപ്‌നങ്ങൾ ചിറകുമുളക്കും മുന്നേ തന്നെ വിധി വന്ദനയോട് ക്രൂരതകാട്ടി.
പൂയപ്പള്ളി സ്വദേശിയും അദ്ധ്യപകനുമായ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്. പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. കൈ വിലങ്ങ് പോലുമില്ലാതെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

