Sunday, December 21, 2025

ചാലിയാർ പുഴ കടന്ന് വനത്തിൽ കുടുങ്ങിയ മലപ്പുറം സ്വദേശികളെ രക്ഷപ്പെടുത്തി ! യുവാക്കൾ പുഴ കടന്നത് രക്ഷാപ്രവര്‍ത്തനത്തിനായെന്ന് റിപ്പോർട്ട്

പോത്തുകല്ലിൽ നിന്ന് ചാലിയാർ പുഴ കടന്നതിന് പിന്നാലെ വനത്തിൽ കുടുങ്ങിയ 3 മലപ്പുറം സ്വദേശികളെ രേഖപ്പെടുത്തി. വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനായാണ് ഇവർ ചാലിയാർ കടന്നത് എന്നാണ് വിവരം. ദുരന്തമുഖത്ത് ആദ്യം മുതലേ ഇവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. അതിസാഹസികമായിട്ടാണ് ദൗത്യ സംഘം ഇവരെ രക്ഷിച്ചത്. ദുരന്തത്തിൽ യുവാക്കളിലൊരാളുടെ എട്ടോളം ബന്ധുക്കളെ കാണാതായിരുന്നു.

യുവാക്കളിൽ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഇവരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവര്‍ അവശരായിരുന്നു. ആദ്യം പോലീസിന്‍റെ സംഘമാണ് ഇവിടേക്ക് എത്തിയത്. വടം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇവർക്ക് ആദ്യം വൈദ്യസഹായം നൽകി. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles