കണ്ണൂർ : അദ്ധ്യാപകന്റെ അശ്രദ്ധമൂലം പത്താംക്ലാസ് വിദ്യാർത്ഥിക്ക് ഫുൾ എ പ്ലസ് നഷ്ടമായി. കടന്നപ്പള്ളി സ്വദേശി ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയത്തിലാണ് അദ്ധ്യാപകന് പിഴവ് പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പുനർ മൂല്യനിർണയത്തിൽ എല്ലാ വിഷയങ്ങൾക്കും ധ്യാൻ കൃഷ്ണയ്‌ക്ക് എ പ്ലസ് ലഭിച്ചു.
മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥിക്ക് ബയോളജിക്ക് മാത്രം എ ഗ്രേഡ് ആണ് ലഭിച്ചത്. എന്നാൽ പൂർണ ആത്മവിശ്വാസമുണ്ടായിരുന്ന വിദ്യാർത്ഥി പുനർ മൂല്യ നിർണയത്തിനും ഉത്തരക്കടലാസ് ലഭ്യമാക്കാനും അപേക്ഷ നൽകി. ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സ്കോർ ഷീറ്റിൽ മാർക്ക് രേഖപ്പെടുത്തിയതിൽ അദ്ധ്യാപകന് പിഴവ് പറ്റിയതായി കണ്ടെത്തിയത്. സ്കോർ ഷീറ്റിൽ 23 ഉം 17 ഉം കൂട്ടി 30 എന്നാണ് അദ്ധ്യാപകൻ രേഖപ്പെടുത്തിയിരുന്നത്. അതേസമയം, അദ്ധ്യാപകന്റെ പിഴവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാർത്ഥിയുടെ കുടുംബം വ്യക്തമാക്കി.

