Saturday, December 13, 2025

ഹമ്മയുടെ” ഓണാഘോഷങ്ങളിൽ തിളങ്ങി നെതർലാൻഡ് ! ഹാർലെമ്മേർമീറിൽ ആവേശത്തിരയിളക്കി മുന്നൂറോളം പേർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങുകൾ

ഹോഫ്ഡോർപ്:നെതർലാൻഡിലെ നോർത്ത് ഹോളണ്ടിലുള്ള ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷൻ ആയ ”ഹമ്മയുടെ” (HAMMA) ഓണാഘോഷ ചടങ്ങുകൾ 22 സെപ്റ്റംബർ 2024 ഞായറാഴ്ച പ്രൗഢഗംഭീരമായി നടന്നു. മുന്നൂറോളം ആളുകളാണ് ഹമ്മയുടെ ഈ രണ്ടാം ഓണാഘോഷത്തിൽ പങ്കെടുത്തത്.
ഹാർലെമ്മേർമീർ എന്നതിനർത്ഥം ഹാർലത്തിലെ തടാകം എന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ച അവസരത്തിൽ നെതർലാൻസിൽ മൊത്തമായി മുമ്പ് നടന്നുവന്നിരുന്ന പൊതുവായ ഒറ്റ ഓണാഘോഷം എന്നതിൽ നിന്ന് വ്യത്യസ്തമായി, ഓരോ റീജിയനുകൾ ആയിട്ടാണ് ആണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ഹോഫ് ഡോർപ് , ന്യൂ വെനാപ്പ്, ബെഡ്ഹോഫെഡോർപ് എന്നിങ്ങനെയുള്ള ചെറു മേഖലകൾ ചേർന്ന ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റി, ആംസ്റ്റർഡാം എയർപോർട്ട് ഉൾപ്പെടുന്ന, ലോകപ്രശസ്തമായ തുലിപ്സ് ഫെസ്റ്റിവൽ നടക്കുന്ന കുക്കൻ ഹോഫിന് വളരെ അടുത്തുള്ള തന്നെ ഉള്ള ഒന്നര ലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ഒരു പ്രധാന പ്രദേശം ആണ്.

ഇന്ത്യൻ എംബസിയിൽ നിന്ന് അംബാസിഡറിൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന മലയാളി കൂടിയായ ജിൻസ് മറ്റം കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. ഹമ്മയുടെ പ്രതിനിധി ശ്രീ. റൈവിൻ ചെറിയാൻ , ശ്രീ ജെൻസ് മറ്റം എന്നിവർ ചേർന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ കാരണങ്ങളാൽ മുൻസിപ്പാലിറ്റിയുടെ മേയറായ മറിയാൻ ഷുർമാൻസിന് പങ്കെടുക്കാൻ കഴിഞ്ഞില്ലയെങ്കിലും ആഘോഷങ്ങൾക്ക് അവർ ഭാവുകങ്ങൾ നേർന്നു. മുനിസിപ്പാലിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യൻ ജനതയുടെ അവിഭാജ്യ സംസ്ഥാനമായ കേരളത്തിൻറെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തദ്ദേശീയർ അടക്കം സന്തോഷം രേഖപ്പെടുത്തി. മുൻ ഡച്ച് കൗൺസിലറും D66 പാർട്ടിയുടെ നേതാവും ഇന്ത്യൻ വംശജയും ആയ പ്രാച്ചി വാൻ ബ്രാണ്ടെൻബർഗ് കുൽക്കർണിക്ക് അവിചാരിത കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നതിനാൽ ചടങ്ങിലേക്ക് ആശംസകൾ അറിയിച്ചു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ വരെ എല്ലാ ആളുകളും പ്രായ ഭേദമെന്യേ ആഘോഷത്തിൽ പങ്കു കൊണ്ടു . ഇന്ത്യൻ അംബാസിഡറിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന ശ്രീ ജിൻസ് മറ്റത്തിന്റെ നെതർലാണ്ടിലെ രണ്ടാമത് ഓണം ആയിരുന്നു ഇത്. വിദേശ മണ്ണിൽ ഇത്രയും വർണ്ണാഭമായി നടന്ന ഓണാഘോഷത്തിൽ പങ്കെടുത്തതിൽ തൻ്റെ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം, ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയ ഹമ്മയുടെ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രാഥമികമായി നമ്മളെ എല്ലാവരെയും ഭാരതീയ വംശജരായാണ് തദ്ദേശീയർ കാണുന്നതെന്നും അതിനാൽ ഇവിടെ ജോലി ചെയ്യുകയും, മറ്റ് എല്ലാ അറിവുകളും നേടുന്നതോടൊപ്പം തിരികെ സമൂഹത്തിലേക്ക് ജനോപകാരപ്രദമായ കാര്യങ്ങൾ സംഭാവന ചെയ്യുവാൻ കൂടി നമ്മൾക്ക് കഴിയണമെന്നും അദ്ദേഹം ചടങ്ങിൽ ഉത്ബോധിപ്പിച്ചു.

ഉദ്ഘാടന ശേഷം മാവേലിയുടെ സന്ദർശനവും, തിരുവാതിരയും സിനിമാറ്റിക് ഡാൻസും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ, സിനിമാ ക്വിസ്, കുട്ടികളുടെ കലാ സാംസ്കാരിക പ്രകടനങ്ങൾ, വടംവലി, നാരങ്ങ സ്പൂൺ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തൽ ഇങ്ങനെ വൈവിധ്യങ്ങളായ ചടങ്ങുകളാൽ ഓണാഘോഷം വർണ്ണാഭമായി.

രണ്ടിനം പായസം ഉൾപ്പെടെ ഇരുപത്തി അഞ്ചോളം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യയും നടന്നു. ഹമ്മയുടെ രണ്ടാമത് ഓണാഘോഷം ആയിരുന്നിട്ടും വളരെ മുമ്പേ തന്നെ ആരംഭിച്ച കൃത്യമായ തയ്യാറെടുപ്പുകളോടെ നടന്ന ഓണാഘോഷം കമ്മിറ്റിയുടെ നേതൃപാടവത്തിനേ എടുത്തുകാട്ടി. വൈകുന്നേരം ആറു മണിക്ക് നടന്ന കലാശക്കൊട്ടോടെ ചടങ്ങുകൾ അവസാനിച്ചു. തത്വമയി ടി.വി പ്രധിനിധി രതീഷ് വേണുഗോപാലും മിഥുൻ ഹരിഹരനും പകർത്തിയ ആഘോഷത്തിന്റെ പൂർണരൂപം ഉടൻ തന്നെ തത്വമയിയിൽ സംപ്രേഷണം ചെയ്യുന്നതാണ്. അടുത്തവർഷം ഇതിലും വിപുലമായ ഓണാഘോഷത്തിൽ പങ്കെടുക്കാം എന്ന പ്രത്യാശയോടെയാണ് എല്ലാവരും മടങ്ങിയത്.

Related Articles

Latest Articles