ബെയ്‌റൂത്ത് : ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായി ഹിസ്ബുള്ള തലപ്പത്തെത്തിയ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇസ്രയേലി പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫീദ്ദീനും ഉള്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇതിൽ പ്രതികരിച്ചിട്ടില്ല.
നസ്രള്ളയുടെ ബന്ധുവാണ് സഫീദ്ദീന്‍. 1964-ൽ തെക്കൻ ലെബനനിലെ ദേർ ഖനുൻ അൽ-നഹറിൽ ജനിച്ച സഫീദ്ദീൻ, 1990-കളിൽ ഇറാനിൽ നിന്ന് തിരിച്ചെത്തുകയും നസ്രള്ളയുമായി അടുത്ത ബന്ധം പുലർത്തി പ്രവർത്തിച്ചു വരികയുമായിരുന്നു. 2017- ൽ ഇയാളെ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഗ്രൂപ്പിൻ്റെ ജിഹാദ് കൗൺസിൽ അംഗവുമാണ്.
തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

