ലാഹോര്‍ : ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണ മെഡൽ നേടിയ പാകിസ്ഥാൻ താരം അര്‍ഷദ് നദീമിന് ജന്മനാട്ടിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം ചർച്ചയാകുന്നത് താരത്തിന് ഭാര്യാപിതാവ് നല്‍കിയ സമ്മാനമാണ്. ഒരു പോത്തിനെയാണ് സമ്മാനമായി ഭാര്യാപിതാവ് നൽകിയിരിക്കുന്നത്.
മാതാപിതാക്കള്‍ക്കും ഭാര്യക്കുമൊപ്പം പാക് പഞ്ചാബിലെ ഖനേവാലിലാണ് നദീം ഇപ്പോഴും കഴിയുന്നത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്. ഗ്രാമീണര്‍ സ്വരൂപിച്ചുനല്‍കിയ പണം ഉപയോഗിച്ചാണ് നദീം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറപ്പെട്ടിരുന്നത്. നദീമിന് ലഭിച്ച മറ്റൊരു ഉപഹാരവും വിമർശനത്തിന് വഴിവച്ചു. രാജ്യത്തിന്റെ അഭിമാനായ താരത്തിന് സുസുക്കി ആള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ച പാക് വംശജനായ അലി ഷെയ്ഖാനിയെന്ന അമേരിക്കന്‍ വ്യവസായിക്കെതിരെയാണ് വിമര്‍ശനം. ഇന്ത്യന്‍ രൂപ പ്രകാരം ഏഴ് ലക്ഷത്തില്‍ താഴെയുള്ള കാര്‍ നല്‍കിയ വ്യവസായിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരിഹാസങ്ങളാണ് ഉയരുന്നത്.

