മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പൊട്ടിത്തെറി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുസ്ലിംലീഗ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഏകാധിപത്യ പ്രവണതയെന്നും യോഗത്തില്‍ വിലയിരുത്തല്‍. പ്രശ്‌നം ഗൗരവതരമെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അഭിപ്രായപ്പെട്ടു.ലീഗിന് ഒരു കാലത്തുമില്ലാത്ത അവഗണന കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നുവെന്നും വിമർശനമുണ്ടായി.
പി.വി. അന്‍വര്‍ വിഷയത്തില്‍ വി.ഡി. സതീശന്‍ അനാവശ്യ വാശി കാണിച്ചു. പ്രതിപക്ഷ നേതാവ് മുന്നണി മര്യാദ കാണിച്ചില്ല. സതീശനും അന്‍വറും കാരണം പ്രശ്‌നങ്ങള്‍ നീണ്ടുപോയി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാവുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും ചില ലീഗ് നേതാക്കൾ തുറന്നടിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രശ്നപരിഹാരത്തിന് ഇനി കെ സി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയര്‍ന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയര്‍ന്നു.കെ.എം. ഷാജിയും എം.കെ. മുനീറും ഉള്‍പ്പടെയുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. പ്രശ്‌നം ഗൗരവതരമെന്ന് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിഭാഗീയത തിരിച്ചടിയാകരുത് എന്നും ലീഗ് ഓര്‍മിപ്പിച്ചു.

