ന്യൂയോർക്ക്: വിമാനം പറന്നുയർന്നതിന് പിന്നാലെ അമേരിക്കയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കാരണം അറിയണ്ടേ …? യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി താഴെയിറക്കിയത്. ലോസ് ആഞ്ചൽസിൽ നിന്നും ന്യൂയോർക്കിലേക്ക് പറന്നുയർന്ന വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ടിക് ടോക് താരം ഏഥൻ ജുഡെൽസൺ ആണ് ഈ വിവരം വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്.
യാത്രയ്ക്കിടെ വിമാനം ഫീനിക്‌സിൽ അടിയന്തിര ലാൻഡിംഗ് നടത്തുകയും യാത്രികർക്ക് താമസത്തിനുള്ള ഹോട്ടൽ പാസുകൾ ജീവനക്കാർ നൽകുകയും ചെയ്തിരുന്നു. ലോസ് ആഞ്ചൽസിൽ നിന്നും വിമാനം പുറപ്പെട്ടതിന് അൽപ്പ സമയങ്ങൾക്ക് ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ എന്നാണ് സൂചന. വിമാനത്തിൽ യാത്ര ചെയ്തിരുന്നയാൾ തൊട്ട് സമീപമിരുന്ന യുവതിയുടെ തലയിൽ പേനിനെ കാണുകയായിരുന്നു. ഇത് കണ്ട ഇയാൾ ഉടനെ വിവരം ജീവനക്കാരോട് പറയുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വിമാനം അടിയന്തിരമായി ഫീനിക്‌സിൽ ഇറക്കിയത്. പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം വിമാനം യാത്രികരുമായി ന്യൂയോർക്കിലേക്ക് തിരിച്ചു.
അതേസമയം, വിമാനത്തിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനിയും പ്രതികരിച്ചിട്ടില്ല. മെഡിക്കൽ എമർജൻസിയെ തുടർന്നാണ് വിമാനം ഫീനിക്‌സിൽ ഇറക്കിയത് എന്നാണ് വിമാനക്കമ്പനി യാത്രക്കാർക്ക് നൽകിയ വിശദീകരണം.

