തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെയും കൊണ്ട് പൊലീസ് സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. വിശാഖപട്ടണത്ത് നിന്ന് ഇന്നലെ വൈകീട്ടാണ് യാത്ര തിരിച്ചത്.
കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനൊപ്പമാണ് കേരളാ എക്സ്പ്രസിൽ കുട്ടി തിരിച്ചെത്തുക.ആദ്യം വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം സി.ഡബ്ല്യു.സി യുടെ മുൻപാകെ കുട്ടിയെ ഹാജരാക്കും.
കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതിൽ വ്യക്തത വരുത്തിയ ശേഷമാകും മാതാപിതാക്കൾക്കൊപ്പം വിടാനുള്ള കാര്യത്തിൽ തീരുമാനമെടുക്കുക.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകളാണ് പെൺകുട്ടി. ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു.
ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ മലയാളി കൂട്ടായ്മ കണ്ടെത്തുന്നത്.

