തിരുവനന്തപുരം : പ്രതികളെ പിടികൂടാനെത്തിയ പോലീസിനു നേരെ പോലീസിനു നേരെ ബോംബാക്രമണം . പെട്രോൾ ബോംബും കോടാലികളും പൊലീസിന് നേരെ വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്. ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ച പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ രക്ഷിക്കാനെത്തിയ പോലീസ് സംഘത്തിനെതിരെയാണ് ആക്രമണം നടന്നത്. പൊലീസ് പിടിയിലായ പ്രതി ഷമീർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇന്നലെ നിഖിലിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും നിഖിലിനെ മോചിപ്പിക്കുകയും ചെയ്തു.ഇതിനിടെ പ്രതികളെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. രണ്ട് വർഷം മുൻപ് കണിയാപുരത്ത് നടന്ന സ്വർണക്കവർച്ച കേസിലെ പ്രതികളായ ഷെഫീക്കും ഷമീറുമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് മനസിലാക്കിയ പോലീസ് ഇന്ന് ഉച്ചയോടെ ആണ്ടൂർകോണത്തെ പ്രതികളുടെ വീട്ടിലെത്തുകയായിരുന്നു. ആ സമയത്താണ് പൊലീസിനെതിരായ ആക്രമണം ഉണ്ടായത്. മറ്റ് ചിലരും പ്രതികൾക്കൊപ്പം ഉണ്ടായിരുന്നു. ആക്രമണത്തിനിടയിൽ ഷമീർ പൊലീസ് പിടിയിലായി. ഷഫീക്ക് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു.
മകനോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഷമീറിന്റെ അമ്മയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്റ്റേഷനിലെത്തിയ ഷമീർ കൈയിലിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്

