എറണാകുളം : ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാണ ചിലവ് പെരുപ്പിച്ച് കാണിച്ച് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് നൽകിയിരിക്കുന്ന പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പരാതി നൽകിയിരിക്കുന്നത്.
നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഞ്ജനയുടെ കയ്യിൽ നിന്നും ആറ് കോടി രൂപ നിർമാതാക്കൾ വാങ്ങിയെന്നാണ് ആരോപണം. സിനിമയുടെ ലാഭ വിഹിതത്തിന്റെ 30 ശതമാനം രൂപ തിരികെ നൽകാമെന്ന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സിനിമയ്‌ക്ക് 23 കോടി രൂപ ചെലവായെന്നും ലാഭമൊന്നും ലഭിച്ചില്ലെന്നും പറഞ്ഞ് അഞ്ജനയെ നിർമാതാക്കൾ കബളിപ്പിച്ചുവെന്നും ലാഭ വിഹിത തുക നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം, സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയായിരുന്നു സിനിമയ്‌ക്ക് 100 കോടി രൂപയോളം ലഭിച്ച വിവരം നിർമാതാക്കൾ വെളിപ്പെടുത്തിയത്. ഇതോടെ വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകാൻ അഞ്ജന ആവശ്യപ്പെട്ടു. എന്നാൽ യുവതി നൽകിയ ആറ് കോടി മാത്രമാണ് സോഫിയയും ജെയിംസും തിരികെ നൽകിയത്. ഇതോടെ ലാഭ വിഹിതം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

