തിരുവനന്തപുരം : ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നെള്ളപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം ദൗർഭാഗ്യകരമെന്ന് ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളെ നിയന്ത്രിക്കാനും അതിൽ കടന്നു കയറാനുള്ള ശ്രമങ്ങൾ നീതിപീഠത്തിൽ നിന്ന് ഉണ്ടായാലും അത് ചെറുക്കേണ്ടി വരുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി കെ.എസ് നാരായണനും പറഞ്ഞു.
ക്ഷേത്രോത്സവങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങൾ തന്ത്രിമാരും ദൈവജ്ഞരും തീരുമാനിക്കുന്നതാണ്. രാത്രി ഉത്സവങ്ങൾ, ഉത്സവത്തിൻ്റെയും എഴുന്നെള്ളിപ്പിന്റെയും അനുഷ്‌ഠാനങ്ങളും ചാരുതയും ഇല്ലാതാക്കുന്ന നിർദ്ദേശങ്ങൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവർ തയ്യാറാക്കിയിട്ടുള്ളതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആനസവാരി വരെ നടക്കുന്ന നാട്ടിൽ ക്ഷേത്രോത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കാനുള്ള തീരുമാനം ദുരുദ്ദേശപരം തന്നെയാണ്. ആചാരാനുഷ്‌ഠാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് ഭരണകൂടവും ജുഡീഷ്യറിയും മാറി നിൽക്കണം. സഹസ്രാബ്ദങ്ങളായി ഭൂമിയെയും പ്രകൃതിയെയും അമ്മയായി കാണുന്ന സനാതനധർമ്മവിശ്വാസികളെ പരിസ്ഥിതി സംരക്ഷണം പഠിപ്പിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും ഹൈക്കോടതി മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

