കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന് വേണ്ടിയടക്കമുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം വരുന്ന ചൊവ്വാഴ്ചയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. നിലവിൽ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്.
ഇത്ര ഒഴുക്കിൽ ഡ്രഡ്ജിംഗോ, ഡൈവിംഗോ നടത്താനാകില്ല. പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ട് വരെയെങ്കിലും കുറഞ്ഞാൽ ഡ്രഡ്ജിംഗ് നടത്താനാകുമെന്നാണ് കരുതുന്നത്.
അതേസമയം അടുത്ത ഒരാഴ്ച മേഖലയിൽ കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യാത്തതിനാൽ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ അടുത്ത നടപടി തീരുമാനിക്കും.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് അര്‍ജുന് വേണ്ടിയുളള തെരച്ചിൽ നിര്‍ത്തിവെച്ചത്. തെരച്ചിൽ പുനരാരംഭിക്കണമെന്ന് കർണ്ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നൽകിയിരുന്നു.

