Sunday, December 21, 2025

ഇടവം തൊട്ട് തുലാത്തോളം’ ; തുലാവ‍ർഷം കനത്തു, മഴ മുന്നറിയിപ്പിൽ മാറ്റം; തലസ്ഥാനമടക്കം 8 ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായതോടെ മഴ മുന്നറിയിപ്പിലും മാറ്റം. രാവിലെ ഏഴ് ജില്ലകളിലാണ് ജാഗ്രത നി‍ർദ്ദേശമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 8 ജില്ലകളിലേക്ക് വർധിപ്പിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിലാണ് വൈകിട്ടോടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവ‍ർഷം കൂടുതൽ ഭീഷണി ഉയർത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെത്തെ ജാഗ്രത നിർദ്ദേശം.

തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്ന് കേരളത്തിനും തമിൾനാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും ( trough ) സ്വാധീനഫലമായി ഒക്ടോബർ 31 മുതൽ നവംബർ 4 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ / മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles