ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാ പ്രവർത്തനത്തിൽ ഫയർഫോഴ്‌സ് ഡൈവേഴ്‌സിന്റെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു . നാളെ മുതൽ പുതിയ സംഘമാകും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുക. മാലിന്യവും മലിന ജലവും നിറഞ്ഞ ടണലിൽ തെരച്ചിലിനിറങ്ങിയവർക്ക് വൈദ്യ പരിശോധന നടത്തും. ടീമംഗങ്ങൾക്കായുള്ള ചികിത്സാക്രമീകരണം പൂർത്തിയായതായി ഫയർ ഫോഴ്സ് മേധാവി അറിയിച്ചു. അതേസമയം നാവിക സേനയുടെ ആറംഗ സ്‌കൂബാ സംഘം ഏതാനും നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തെത്തും.
ടണലിലിൽ തടയണക്കെട്ടിയ ശേഷം മാൻ ഹോളിലൂടെ വെള്ളം പമ്പ് ചെയ്തു കേറ്റിയ ശേഷം തടയണ പൊളിച്ച് ഉള്ളിൽ കെട്ടിക്കിടക്കുന്ന മാലിന്യം പുറത്തേക്ക് കൊണ്ട് വരാനാണ് നിലവിൽ നീക്കം നടക്കുന്നത്. ഉള്ളിൽ ജോയി കുടുങ്ങി കിടക്കുന്നുണ്ട് എങ്കിൽ മാലിന്യങ്ങൾക്കൊപ്പം പുറത്തു വരും എന്നാണ് ദൗത്യ സംഘം പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് തടയണ കെട്ടുന്നത്. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള മാൻ ഹോളിലാണ് വെള്ളം പമ്പ് ചെയ്യുന്നത്.

