ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ചേംബറിലാണ് ഹർജി പരിഗണിച്ചത്. സുപ്രീംകോടതി വിധിയിൽ പിഴവില്ലെന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടന തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സുപ്രീംകോടതി ചട്ടങ്ങള്‍ 2013 ലെ ഓര്‍ഡര്‍ XLVII റൂള്‍ 1 പ്രകാരം പുനഃപരിശോധനയ്ക്ക് തങ്ങള്‍ക്കാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താൽകാലികമായിരുന്നുവെന്നും നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.

