തിരുവനന്തപുരം : സംസ്ഥാനത്ത് കാറില്‍ ചൈല്‍ഡ് സീറ്റ് വേണമെന്ന വ്യവസ്ഥ ഉടൻ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരിത്തണമെന്നും വ്യക്തമാക്കിയ ഗതാഗതമന്ത്രി ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും ഇത് നടപ്പാക്കണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും പറഞ്ഞു. കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
“ഗതാഗത വകുപ്പിന് കേന്ദ്രത്തില്‍ നിന്നു കിട്ടിയ പുതിയ നിയമ നിര്‍മാണത്തിലുള്ള നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് കാറില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക സീറ്റ്. ജനങ്ങളില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല. മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓര്‍മിപ്പിച്ചതാണ്”- ഗണേഷ്‌കുമാര്‍ പറഞ്ഞു.

