പ്രയാഗ്‍രാജ് : മഹാകുംഭമേളയിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരിൽ 5 പേരെ തിരിച്ചറിയാനുണ്ടെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. 90 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറായ 1920-ൽ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം പുനരാരംഭിച്ചു.
ഇന്നലെ രാത്രി മുതൽ മൗനി അമാവാസി മുഹൂർത്തം ആരംഭിച്ചതിനാൽ ധാരാളം തീർത്ഥാടകർ പുണ്യസ്നാനത്തിനായി എത്തിയിരുന്നു. മഹാകുംഭ മേളയിലെ ഏറ്റവും പ്രധാന ദിവസമാണ് മഹാമൗനി അമാവാസി. മൂന്നു നദികളുടെ സംഗമസ്ഥാനമായി കരുതപ്പെടുന്ന ത്രിവേണീസംഗമത്തിൽ ഈ ദിവസം നടത്തുന്ന അമൃത് സ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. അതിനാൽ കോടിക്കണക്കിനു വിശ്വാസികളാണ് അമൃത് സ്നാനത്തിനായി ഇവിടേക്ക് ഒഴുകിയത്. ഇതോടെ പ്രയാഗ്‌രാജിൽ ഒരേസമയം എത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് കോടി കവിഞ്ഞു. സംഗം മാർഗ്, നാഗ് വാസുകി മാർഗ്, എന്നിവിടങ്ങളിൽ ഇപ്പോഴും വലിയ ജനക്കൂട്ടമാണുള്ളത്.
അഖാര മാർഗിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ജനങ്ങളിൽ ചിലർ ശ്രമിച്ചിരുന്നു. ഇതോടെ തിക്കും തിരക്കുമുണ്ടാവുകയും തീർത്ഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവർക്കും നിലവിൽ ചികിത്സ ലഭ്യമാക്കി. രാവിലെ മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് സംസാരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും തുടർച്ചയായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രയാഗ്‌രാജിലെ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെങ്കിലും തീർത്ഥാടകർ ആദ്യം പുണ്യസ്നാനം ചെയ്തതിന് ശേഷം തിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ സ്നാനത്തിനായി എത്തൂവെന്ന് സന്യാസി സമൂഹം അറിയിച്ചു.
അപകട മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംഭവത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും, യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു.

