Thursday, December 11, 2025

അഫ്‌ഗാനെതിരായ ഉപരോധം ബൂമറാങ്ങായി !!!തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പാക് സമ്പദ് വ്യവസ്ഥ ; വാങ്ങാനാളില്ലാതെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

കാബൂൾ : അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരയുദ്ധം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവരുമായുള്ള വ്യപാരബന്ധം നിർത്തിവെച്ചത് ശരിക്കും ഒരു ബൂമറാങ്ങായി പാകിസ്ഥാനെ തന്നെ ബാധിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 11-നാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ വ്യാപാര പാതകള്‍ അടച്ചത്. പിന്നാലെ, ഇന്ത്യയും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ വഴി വാണിജ്യം തിരിച്ചു വിട്ട് അഫ്ഗാനിസ്ഥാന്‍ അതിവേഗം പ്രശ്നത്തിന് പരിഹാരം കണ്ടെത്തി . എന്നാല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം നിലച്ചത് പാകിസ്താന്റെ ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുകയായിരുന്നു. ചെറുകിട വ്യാപാരികളും ഗതാഗത മേഖലയിലുള്ളവരും കടക്കെണിയിലായി. ലോഡ് കണക്കിന് സാധനങ്ങൾ വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുകയാണ്.

പാകിസ്ഥാനിലെ സിമന്റ് വ്യവസായമാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത്. അഫ്ഗാന്‍ കല്‍ക്കരിയുടെ ഇറക്കുമതിയും സിമന്റ് കയറ്റുമതിയും പൂര്‍ണ്ണമായും നിലച്ചു. എന്നാല്‍, പ്രത്യാഘാതങ്ങള്‍ കല്‍ക്കരിയിലോ സിമന്റിലോ ഒതുങ്ങുന്നില്ല. 48 ദിവസമായി അടച്ചിടല്‍ തുടരുന്നതിനാല്‍, മരുന്നുകളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയും ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.

അഫ്ഗാനുമായുള്ള വ്യാപാരം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് വ്യവസായികളുടെ സംഘം ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം തലവന്‍ മൗലാന ഫസ്ലുര്‍ റഹ്‌മാനെ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇറക്കുമതിക്കും കയറ്റുമതിക്കും അഫ്ഗാനിസ്ഥാനെ ആശ്രയിക്കുന്ന പ്രധാന പാക് വ്യവസായങ്ങളെയും ഉപരോധം ബാധിച്ചു. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും ഉല്‍പ്പാദന തടസ്സങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

Related Articles

Latest Articles