Saturday, December 20, 2025

വയനാട്ടിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് ; തെരച്ചിലിനായി ആറ് പേരടങ്ങുന്ന സംഘം ; ഇനിയുള്ള അന്വേഷണം ചെളി നിറഞ്ഞയിടങ്ങളിലാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ

വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയാവുന്ന സ്ഥലങ്ങളിലൊക്കെ തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.

അട്ടമലയിൽ നിന്നും ഇന്നലെ ഒരു മൃതദേഹം ലഭിച്ചിരുന്നു. അതിനാൽ മെഷീൻ ഉപയോ​ഗിച്ച് ആ മേഖലകളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോ എന്നത് പരിശോധിക്കും. കൂടാതെ, പോത്തുകല്ല് മേഖലയിലാണ് കൂടുതൽ തെരച്ചിൽ നടത്തുന്നത്. മലപ്പുറത്തെ ഓരോ പൊലീസ് സംഘങ്ങളും അവിടെ തെരച്ചിൽ നടത്തുന്നുണ്ടെന്നും എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. അതേസമയം, പോത്തുകല്ലിന്റെ പലയിടങ്ങളിലും ലോക്കൽ വോളന്റിയർമാർ കുടുങ്ങിയിരുന്നു. ഇങ്ങനെ കുടുങ്ങിപ്പോയ പതിനെട്ടോളം പേരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ലോക്കൽ വോളന്റിയേഴ്സിനെ ഒഴിവാക്കിക്കൊണ്ട് ഇപ്പോൾ കേരളാ പൊലീസിന്റെ എസ്ഒജി, സൈന്യത്തിന്റെ കമന്റോസ് എന്നിവരാണ് ആ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതെന്നും എഡിജിപി പറഞ്ഞു.

ആറ് പേരടങ്ങുന്ന സംഘത്തെയാണ് തെരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. ആദ്യം രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും നാല് സൈനികരുമായിരിക്കും പോവുക. രണ്ടാമത് നാല് എസ്ഒജിയും രണ്ട് സൈനികരുമാണ് പോകുന്നത്. അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ശാന്തൻപാറയിൽ നിന്നും ഇന്നലെ മൃതദേഹം ലഭിച്ചിരുന്നു. അതിനാൽ അവിടേക്ക് എയർഡ്രോപ്പ് ചെയ്ത ശേഷം തെരച്ചിൽ നടത്തുമെന്നും എഡിജിപി വ്യക്തമാക്കി.

Related Articles

Latest Articles