Monday, December 15, 2025

ശരണം വിളി ഉയർന്നു .. ശ്രീകോവിൽ നട തുറന്നു . ശബരിമലയിൽ മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് ശുഭാരംഭം

മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്തിന് നാന്ദി കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ദർശനത്തിനായി ഈ മാസം 29 വരെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കും.

കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം സന്നിധാനത്തെത്തുന്ന ഭക്തരുടെ സംശയനിവാരണത്തിന് ഉപകരിക്കുന്ന എഐ ചാറ്റ്ബോട്ടായ സ്വാമി എഐ അസിസ്റ്റന്റ് ഇന്ന് മുതൽ ലഭ്യമാകും. 6 ഭാഷകളിൽ മറുപടി ലഭിക്കുന്ന ചാറ്റ് ബോട്ട് ‘623 800 8000’ എന്ന വാട്സാപ് നമ്പറിൽ ഭക്തർക്ക് ലഭ്യമാകും.

ശബരിമലയിലെയും അനുബന്ധവുമായ ഒട്ടേറെ കാര്യങ്ങളിൽ വിവരം ലഭിക്കാൻ ഈ നമ്പർ ഉപയോഗിക്കാം. ക്ഷേത്രങ്ങൾ തുറക്കുന്ന സമയം, ഭക്ഷണത്തിന്റെ നിരക്ക്, ബസ്, ട്രെയിൻ സമയങ്ങൾ, മറ്റു സേവനങ്ങൾ, ഹെൽപ് ലൈൻ നമ്പറുകൾ തുടങ്ങി എന്താവശ്യത്തിനും ചാറ്റ് ബോട്ടിന്റെ സഹായം തേടാം. കേരളത്തിനു പുറത്തു നിന്നെത്തുന്ന ഭക്തർക്ക് ഭാഷാപരമായ പ്രശ്നങ്ങൾ മറികടക്കാൻ ഇതിലൂടെ കഴിയും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളില്‍ സമഗ്ര സേവനം ‘സ്വാമി ചാറ്റ് ബോട്ട്’ ഉറപ്പ് വരുത്തുന്നു. ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related Articles

Latest Articles