മുംബൈ: ശരദ് പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവച്ചതോടെ അജിത് പവാറിന്റെ നേതൃത്വത്തിൽ മുഴുവൻ എൻ.സി.പി പ്രവർത്തകരും ബി.ജെ.പിയിലേക്കെത്തുമെന്ന സൂചന ശക്തമാകുന്നു. ബി.ജെ.പി പക്ഷത്തേക്ക് ചായുന്ന അജിത് പവാർ പാർട്ടി പിളർത്തിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ശരദ് പവാർ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം മുംബൈയിൽ നടന്ന എൻ.സി.പി സമ്മേളനത്തിലും അജിത് പവാർ വിട്ടുനിന്നിരുന്നു. അതേസമയം, അജിത് പവാർ ഭരണസഖ്യത്തിലേക്കെത്തിയാൽ സ്വാഗതം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ നിലപാട്.
അതേസമയം, ശരദ് പവാറിന്റെ പിൻഗാമിയായി അനന്തരവൻ അജിത് പവാർ തന്നെ എൻ.സി.പി അധ്യക്ഷനായേക്കുമെന്ന സൂചനകളും ശക്തമാണ്. എന്തെന്നാൽ ശരദ് പവാറിന്റെ മാർഗനിർദേശങ്ങൾക്കു വിധേയമായിരിക്കും പുതിയ അധ്യക്ഷൻ പ്രവർത്തിക്കുകയെന്ന അജിത് പവാറിന്റെ പ്രഖ്യാപനം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മെയ് ഒന്നിന് തന്നെ ശരദ് പവാർ രാജി പ്രഖ്യാപിക്കാനിരുന്നതായിരുന്നു. എന്നാൽ മഹാവികാസ് അഘാഡിയുടെ റാലി കണക്കിലെടുത്താണ് ഇന്നലത്തേക്ക് മാറ്റിവച്ചതെന്നും അജിത് പവാർ പറയുന്നു.

