കൊച്ചി : നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ലൈംഗിക അതിക്രമമുണ്ടായത് കഴിഞ്ഞ ഡിസംബർ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന ദിവസങ്ങളിൽ നിവിൻ പോളി, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് തീയതി ഉറക്കപ്പിച്ചിൽ പറഞ്ഞുവെന്ന് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പോലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.
അതേസമയം യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.

