Monday, December 22, 2025

ഗുസ്തി താരങ്ങൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു; ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം ജൂൺ 15 ന് മുൻപ് പൂർത്തിയാക്കും

ഗുസ്തി താരങ്ങൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുൻ റസലിങ് ഫെഡറേഷൻ അദ്ധ്യക്ഷനും ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം ജൂൺ 15 ന് മുൻപ് പൂർത്തിയാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ഗുസ്തിതാരമായ സാക്ഷി മാലിക്ക് വ്യക്തമാക്കി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചർച്ചക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം.

പൊലീസ് അന്വേഷണം ജൂൺ 15 നകം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചതായി ബജ്റംഗ് പുനിയ വ്യക്തമാക്കി.താരങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും വനിത ഗുസ്തി താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയച്ചതായി അവർ പറഞ്ഞു .

ദേശീയ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനു മുന്നിൽ അഞ്ച് നിബന്ധനകളാണ് ലോക്സഭാംഗവും റസ്‌ലിങ് ഫെഡറേഷൻ മുൻ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷണിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ വച്ചത് . റസ്‍ലിങ് ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നുമാണ് പ്രധാന ആവശ്യം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും പ്രതിഷേധിച്ച താരങ്ങളുടെ പേരിലുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

സമരം നയിക്കുന്ന ബജ്റങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരാണ് ഇന്നു രാവിലെ കായിക മന്ത്രിയുമായി ചർച്ച നടത്തിയത്. അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇരുവരും ചർച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നു മന്ത്രി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. അതെ സമയം പൊലീസ് അന്വേഷണം ജൂൺ 15 നകം പൂർത്തിയായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles