Tuesday, December 16, 2025

സൂപ്പർ താരം പോരാടിയത് കടുത്ത വേദന സഹിച്ച് !!ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ തോൽവിയുടെ കാരണം വെളിപ്പെടുത്തി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഭാരതത്തിന്റെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ 27 മത്സരങ്ങൾക്കിടെ ആദ്യമായാണ് നീരജ് ചോപ്ര ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്ന് പുറത്താകുന്നത്.മത്സരത്തിന് രണ്ടാഴ്ച മുൻപ് തന്നെ നടുവേദനയുണ്ടായിരുന്നെന്നും, എന്നാൽ ഇക്കാര്യം പുറത്ത് പറയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നീരജ് ചോപ്ര മത്സരശേഷം വേൾഡ് അത്‌ലറ്റിക്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

“ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലനം നടത്തുന്നതിനിടെ, ജാവലിന്‍ എറിയാനൊരുങ്ങുമ്പോള്‍ നടുവിന് ഒരു ഉളുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് പ്രാഗില്‍ വെച്ച് നടത്തിയ എംആര്‍ഐ സ്‌കാനില്‍ ഡിസ്‌കിന് തകരാറുണ്ടെന്ന് കണ്ടെത്തി. എറിയാനായി കുനിഞ്ഞപ്പോള്‍ത്തന്നെ എന്റെ ഇടതുവശത്ത് ഒരു വലിവ് അനുഭവപ്പെട്ടു. അതിനുശേഷം എനിക്ക് സാധാരണപോലെ നടക്കാന്‍ പോലും കഴിഞ്ഞില്ല. സാരമാക്കേണ്ടെന്നും വിശ്രമിക്കാനും പറഞ്ഞിരുന്നു. അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് അടുത്ത ദിവസം ഞാന്‍ കരുതിയത്.

ഡിസ്‌കിന് എന്തോ പ്രശ്‌നമുണ്ടായിരുന്നു. അതിന്റെ കൃത്യമായ മെഡിക്കല്‍ പദം എനിക്കറിയില്ല. ഇവിടെയെത്തിയ ശേഷം ഞാന്‍ ദിവസവും ചികിത്സയിലായിരുന്നു. അതിനുശേഷം, ഇനി എങ്ങനെ മത്സരിക്കും എന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. ഒടുവില്‍, എനിക്ക് അല്‍പ്പം ഭേദമായിത്തുടങ്ങി, പക്ഷേ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതും മാനസികാവസ്ഥയിലുണ്ടായ മാറ്റവും എന്നെ ബാധിച്ചു,’

സാധാരണയായി, ഞാന്‍ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്, പക്ഷേ ഇവിടെ അത് നടന്നില്ല. ഇവിടെ വരുന്നതിന് മുമ്പ്, ചെക്ക് റിപ്പബ്ലിക്കിലെ പരിശീലനത്തിനിടെ എനിക്ക് നടുവിന് ഒരു പ്രശ്‌നമുണ്ടായി. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇതേക്കുറിച്ച് അറിയാമായിരുന്നുള്ളൂ, ഞാന്‍ ഫെഡറേഷനോടും പറഞ്ഞിരുന്നു. ഞാന്‍ രണ്ടാഴ്ച പരിശീലനം നടത്തിയില്ല, ഈ പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു. എനിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു, എന്നാല്‍ പിന്നീട് ഞങ്ങള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു..

ഇന്നലെ എളുപ്പത്തില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നു. എന്നിരുന്നാലും, പരിശീലനം ഇല്ലാതിരുന്നതിനാലും ശാരീരികമായി സുഖമില്ലാതിരുന്നതിനാലും ഞാന്‍ ശ്രമിച്ചെങ്കിലും ഫലം നേടാനായില്ല. ഞങ്ങള്‍ ഇതില്‍ നിന്ന് പഠിക്കുകയും, വിലയിരുത്തുകയും അടുത്ത സീസണില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയും ചെയ്യും,.

തുടർച്ചയായി രണ്ട് ദിവസം മത്സരിക്കുന്നത് ഒരു പ്രശ്നമായിരുന്നില്ല. ഇന്നലെ എന്റെ ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത നേടിയതുകൊണ്ട് അത് ബുദ്ധിമുട്ടായിരുന്നില്ല. അത് വലിയ ദൂരമായിരുന്നില്ലെങ്കിലും മികച്ചതായിരുന്നു, ഇന്ന് കൂടുതൽ ദൂരം എറിയാൻ എനിക്ക് കഴിയുമെന്ന് ഞാൻ കരുതി. ഞാൻ മുറിയിലേക്ക് പോയി മത്സരം കാണുകയും എന്റെ ത്രോകൾ പരിശോധിക്കുകയും ചെയ്യും. ഞാൻ അതിൽ പ്രവർത്തിക്കും,” നീരജ് ചോപ്ര പറഞ്ഞു.

Related Articles

Latest Articles