Friday, December 12, 2025

കേരളാ പൊലീസിന് നായയെ പേടി; വളർത്ത് നായയെ അഴിച്ചുവിട്ട് വീട്ടിൽ കതകടച്ചിരിക്കുന്ന പ്രതിയെ 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടിയില്ല; വടിവാളും വളർത്തുനായയും ആയുധമാക്കിയ യുവാവ് പോലീസിനെ കുഴക്കുന്നു

കൊല്ലം: വടിവാളും വളർത്തുനായയുമായി വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതിയെ 24 മണിക്കൂർ കഴിഞ്ഞും പിടികൂടാനാവാതെ പോലീസ്. പ്രതി സജീവ് വീട്ടിൽ തന്നെയുണ്ട്. പുറത്തിറങ്ങാതെ പിടിക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ് നായയെ അഴിച്ചുവിട്ടിട്ടുണ്ട് ആയതിനാൽ വീട്ടിനുള്ളിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല. പ്രതിയെ പിടികൂടാനാകാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇന്നലെയാണ് വടിവാളും വളര്‍ത്തുനായയുമായി സജീവ് എന്ന യുവാവ് കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. വടിവാളേന്തി, വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ വീട്ടമ്മ ഓടി അകത്തൊളിക്കുകയായിരുന്നു.ഇവർ താമസിക്കുന്ന സ്ഥാലം തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലെന്നാണ് സജീവന്റെ വാദം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ സ്വന്തം വീട്ടിലേക്ക് പോവുകയും ഗേറ്റ് പൂട്ടി നായയെ അഴിച്ചുവിടുകയുമാണിയാൾ ചെയ്തത്. ഇതുമൂലം പോലീസുകാർക്ക് വീട്ടിനുള്ളിൽ കയറാനാകാതെ തിരികെ പോവുകയാണ് ചെയ്തത്. ഇന്ന് രാവിലെയും പോലീസുകാർ വീട്ടിൽ എത്തിയിരുന്നു അപ്പോഴും ഇയാൾ ഗേറ്റ് പൂട്ടി നായയെ അഴിച്ചു വിട്ടിരുന്നു.

Related Articles

Latest Articles