മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍ തുടരും. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരിയും തുടരും. അജയ് തംതാ, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഗതാഗത വകുപ്പ് സഹമന്ത്രിയാകും. ജെ.പി. നദ്ദയാണ് ആരോഗ്യവകുപ്പ് മന്ത്രി.
നിര്‍മലാ സീതാരാമന് ഇത്തവണയും ധനകാര്യ വകുപ്പ് ലഭിച്ചു. അശ്വിനി വൈഷ്ണവും പഴയ വകുപ്പായ റെയില്‍വേയില്‍ തന്നെ തുടരും. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിന് ലഭിച്ചു. എച്ച്.ഡി. കുമാരസ്വാമിക്ക് വ്യവസായം, സ്റ്റീൽ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും മൻസുഖ് മാണ്ഡവ്യയ്ക്ക് തൊഴിൽവകുപ്പിന്റെ ചുമതയും ലഭിച്ചു. ചിരാഗ് പാസ്വാനാണ് യുവജനക്ഷേമ ചുമതല നൽകിയിരിക്കുന്നത്.
സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രതിനിധിയായ അദ്ദേഹം മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്നത് സാംസ്കാരിക വകുപ്പിന്റെ ചുമതലയുമായാകും. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി.
സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

