പന്തളം: ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമാകും. പന്തളം രാജകോട്ടാരത്തിൽ നിന്നും തിരുവഭരണങ്ങൾ വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലേയ്ക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെയായിരിക്കും തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമാകുക. 84 കിലോമീറ്റർ നീളുന്ന പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മൂന്നു ദിവസം നീളുന്ന കാൽനട യാത്രയായാണ് തിരുവഭരണങ്ങൾ ശബരിമല സന്നിധാനത്ത് എത്തിച്ചേരുക. മകരവിളക്ക് ദിവസം വൈകുന്നേരം ദീപാരാധനയ്ക്ക് മുന്നോടിയായി സ്വാമി അയ്യപ്പന് ചാർത്താനുള്ള ആഭരണങ്ങളാണ് ഇന്ന് പന്തളത്ത് നിന്ന് യാത്ര തിരിക്കുക. തിരുവാഭരണ യാത്രയുടെ മുഴുനീള തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമായിരിക്കും.
ഇന്നുച്ചയോടെ തിരുവാഭരണ വാഹക സംഘം തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങും. മണികണ്ഠൻ ആൽത്തറയിലാണ് ആദ്യ സ്വീകരണം നൽകുക. ശൈവ വിഷ്ണു സങ്കൽപ്പങ്ങളുടെ സംഗമ ഭൂമിയായ കൈപ്പുഴ ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്രയ്‌ക്കൊപ്പം കൈപ്പുഴ കൊട്ടാരത്തിന്റെ പതിനെട്ടു പടികളിറങ്ങി രാജ പ്രതിനിധി ഘോഷയാത്രയ്‌ക്കൊപ്പം ചേരും. കുളനട ദേവീക്ഷേത്ര സന്നിധിയിൽ ഘോഷയാത്രയ്ക്ക് വലിയ സ്വീകരണം നൽകും. തുടർന്ന് പന്തളം നഗരാതിർത്തി പിന്നിടുന്ന ഘോഷയാത്ര പറയങ്കര ഉള്ളനാട് പ്രദേശങ്ങളിലൂടെ കിടങ്ങന്നൂരിലെത്തും. ഘോഷയാത്ര ആറന്മുളയിൽ എത്തുന്നത്തോടെ വഞ്ചിപ്പാട്ട് പാടി സ്വീകരിക്കും. തുടർന്ന് കോഴഞ്ചേരി വഴി പാമ്പാടിമൺ ക്ഷേത്രത്തിൽ എത്തുമ്പോൾ തിരുവാഭരണങ്ങൾ ഇറക്കിവച്ച് ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഒരുക്കും. കഥകളി ഗ്രാമമായ അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് ഇന്നത്തേ യാത്ര അവസാനിക്കുന്നതും തിരുവാഭരണ വാഹക സംഘം വിശ്രമിക്കുന്നതും.
അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും മറ്റു വസ്തുക്കളും അടങ്ങുന്ന മൂന്നു പേടകങ്ങളാണ് സന്നിധാനത്തേയ്ക്ക് സഞ്ചരിക്കുന്നത്. ഗോപുരാകൃതിയിലുള്ള പ്രധാന പേടകത്തിലാണ് തിരുവാഭരണങ്ങൾ ഉള്ളത്. ദീർഘ ചതുരാകൃതിയിലുള്ള പേടകത്തിൽ നെറ്റിപ്പട്ടവും കൊടി തോരണങ്ങളുമാണ്. സമചതുരാകൃതിയിലുള്ള പേടകത്തിൽ കലശ കുംഭങ്ങളും മറ്റ് പൂജാ ദ്രവ്യങ്ങളുമാണ്. ജനുവരി 14 ന് വൈകുന്നേരത്തോടെ തിരുവാഭരണങ്ങൾ സന്നിധാനത്തെത്തും. തുടർന്ന് ആഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. പിന്നാലേ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും.

