തിരുവനന്തപുരം : വന്ദേഭാരത് എക്സ്‌പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതിന് പിന്നാലെ കേരളത്തിൽ ട്രെയിനിന് കൂടുതൽ വേഗത കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ട്രയൽ റണ്ണിന് നേതൃത്വം നൽകിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
ട്രാക്കുകൾ ശക്തിപ്പെടുത്തുന്ന പണി പൂർത്തീകരിച്ചാൽ ഇപ്പോൾ എത്തിയതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താൻ സാധിക്കുമെന്നും ലോകോ പൈലറ്റ്പറഞ്ഞു. വന്ദേ ഭാരതിനു ലഭിച്ച സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും എം.എ കുര്യോക്കോസ് വ്യക്തമാക്കി.
‘ട്രയൽ റണ്ണിൽ വന്ദേഭാരതിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായി. ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്ക് 110 കി.മീ വേഗതയിലാണ് വന്ദേഭാരത് വന്നത്. സർവീസ് തുടങ്ങിയാൽ ഇതിലും വേഗത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പലയിടത്തും ട്രാക്കുകൾ ശക്തീകരിക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വേഗം ഇനിയും കൂടിയേക്കാം. 160 കി.മീ വരെ വേഗതയിൽ ഓടിക്കാൻ കഴിയുന്ന ട്രെയിനാണ് വന്ദേഭാരത്. ഇന്ന് ഏഴു മണിക്കൂർ പത്തു മിനിറ്റിൽ കണ്ണൂരിലെത്തി. സ്റ്റോപ് ദൈർഘ്യം കുറയുന്നതുകൊണ്ടു തന്നെ സർവീസ് റണ്ണിൽ ഇനിയും സമയം ലാഭിക്കാം. യാത്ര വളരെ സുഗമമായിരുന്നു. സർവീസ് ആരംഭിക്കുമ്പോഴും യാത്ര സുഖപ്രദമായിരിക്കുമെന്നാണ് കരുതുന്നത്. ജനങ്ങൾ വന്ദേഭാരതിനെ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്
ഷൊർണ്ണൂർ മുതൽ മംഗലാപുരം വരെ ഇന്നത്തെ അവസ്ഥയിൽ 110 കി.മീറ്റർ വേഗതയിൽ ഓടിക്കാനാകും. ഷൊർണ്ണൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്ര 80 ഉം എറണാകുളത്തിന് അപ്പുറത്തേക്ക് 90-100 കി.മീറ്റർ വേഗതയിലുമൊക്കെയാണ് നിലവിലെ സാഹചര്യത്തിൽ ഓടിക്കാനാകുക’ -അദ്ദേഹം പറഞ്ഞു.

