ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതോടെ ലോക രാജ്യങ്ങൾ ഇരു ചേരികളിലുമായി അണി നിരക്കുമോ എന്ന ഭയത്തിലാണ് അന്തരാഷ്ട്ര സമൂഹം . ഇന്ന് പുലർച്ചെ വെനസ്വേലയിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുവരെയും അമേരിക്കൻ സേന കസ്റ്റഡിയിലെടുത്തതെന്ന് ട്രമ്പ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അറിയിച്ചു. അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോ വിഭാഗമായ ‘ഡെൽറ്റ ഫോഴ്സ്’ ആണ് മഡുറോയെയും ഭാര്യയെയും പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ആരാണ് ‘ഡെൽറ്റ ഫോഴ്സ് എന്താണ് അവരുടെ ചരിത്രം.
ഔദ്യോഗികമായി ‘ഫസ്റ്റ് സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷണൽ ഡിറ്റാച്ച്മെന്റ്-ഡെൽറ്റ’ (1st SFOD-D) എന്നറിയപ്പെടുന്ന ഈ വിഭാഗം അമേരിക്കൻ ആർമിയുടെ കീഴിലുള്ള അതിവേഗ പ്രത്യാക്രമണ സേനയാണ്. ലോകമെമ്പാടുമുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ബന്ദികളെ മോചിപ്പിക്കൽ, അതീവ രഹസ്യമായ സൈനിക ദൗത്യങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനായി 1977 ലാണ് ഈ വിഭാഗം രൂപീകൃതമായത്. വിയറ്റ്നാം യുദ്ധകാലത്ത് ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസുമായി (SAS) ചേർന്ന് പ്രവർത്തിച്ച കേണൽ ചാർലി ബെക്ക്വിത്ത് ആണ് ഇത്തരമൊരു സേനയുടെ ആവശ്യം അമേരിക്കൻ ഭരണകൂടത്തെ ബോധ്യപ്പെടുത്തിയത്. ശത്രുരാജ്യങ്ങളുടെ ഉള്ളിൽ കടന്ന് അതീവ രഹസ്യമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ പരിശീലനം ലഭിച്ചവരാണ് ഇതിലെ ഓരോ അംഗവും.
ഡെൽറ്റ ഫോഴ്സിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ഒന്നായി കണക്കാക്കപ്പെടുന്നു. സാധാരണയായി അമേരിക്കൻ ആർമിയിലെ റേഞ്ചേഴ്സ്, ഗ്രീൻ ബെററ്റുകൾ തുടങ്ങിയ മറ്റ് എലൈറ്റ് വിഭാഗങ്ങളിൽ നിന്നാണ് ഡെൽറ്റ ഫോഴ്സിലേക്ക് സൈനികരെ തിരഞ്ഞെടുക്കുന്നത്. ശാരീരികക്ഷമതയ്ക്ക് പുറമെ മാനസികമായ കരുത്തും ബുദ്ധിശക്തിയും പരിശോധിക്കുന്ന നിരവധി കടമ്പകൾ ഇവർക്ക് കടക്കേണ്ടതുണ്ട്. പശ്ചിമ വെർജീനിയയിലെ ദുർഘടമായ മലനിരകളിൽ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരിൽ പത്തു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് വിജയിക്കാറുള്ളത്. ആഴ്ചകളോളം നീളുന്ന ഈ പ്രക്രിയയിൽ കുറഞ്ഞ വിശ്രമത്തിൽ ഭാരമേറിയ ബാഗുകളുമായി കിലോമീറ്ററുകളോളം സഞ്ചരിക്കുക, സങ്കീർണ്ണമായ ഭൂപടങ്ങൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം കണ്ടെത്തുക തുടങ്ങിയ വെല്ലുവിളികൾ ഇവർ നേരിടേണ്ടി വരുന്നു. ഇതിനുശേഷം ആറുമാസം നീളുന്ന പ്രത്യേക പരിശീലനത്തിലൂടെയാണ് ഒരാൾ ‘ഓപ്പറേറ്റർ’ ആയി മാറുന്നത്.
ഡെൽറ്റ ഫോഴ്സിന്റെ പ്രവർത്തനങ്ങൾ അതീവ രഹസ്യമായതിനാൽ അവരുടെ വിജയങ്ങൾ പലപ്പോഴും ലോകം അറിയാറില്ല. എന്നിരുന്നാലും ചില പ്രധാന ദൗത്യങ്ങൾ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. 1980-ൽ ഇറാനിലെ അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ നടത്തിയ ‘ഓപ്പറേഷൻ ഈഗിൾ ക്ലോ’ പരാജയപ്പെട്ടെങ്കിലും അത് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ (JSOC) പുനസംഘടനയ്ക്ക് കാരണമായി. പിന്നീട് ഗൾഫ് യുദ്ധം, സൊമാലിയയിലെ ആഭ്യന്തര യുദ്ധം, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും സൈനിക നടപടികൾ എന്നിവയിൽ ഇവർ പ്രധാന പങ്കുവഹിച്ചു. 2003-ൽ സദ്ദാം ഹുസൈനെ പിടികൂടിയതിലും അൽ ഖ്വയ്ദ തലവൻ അബു മുസാബ് അൽ സർഖാവിയെ വധിച്ചതിലും ഡെൽറ്റ ഫോഴ്സിന്റെ പങ്ക് നിസ്തുലമാണ്. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്കെതിരായ നീക്കവും ഈ വിഭാഗത്തിന്റെ കരുത്ത് തെളിയിച്ച ഒന്നായിരുന്നു.
മറ്റൊരു സൈനിക വിഭാഗത്തിനും ലഭിക്കാത്ത ആധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളുമാണ് ഡെൽറ്റ ഫോഴ്സ് ഉപയോഗിക്കുന്നത്. സൈനിക വേഷത്തിന് പകരം പലപ്പോഴും സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ദൗത്യങ്ങളിൽ ഏർപ്പെടുന്നത്. ഇത് ശത്രുക്കളുടെ ഇടയിൽ തിരിച്ചറിയപ്പെടാതെ പ്രവർത്തിക്കാൻ ഇവരെ സഹായിക്കുന്നു. അമേരിക്കൻ ഗവൺമെന്റ് പോലും ഔദ്യോഗികമായി പലപ്പോഴും ഇവരുടെ സാന്നിധ്യം അംഗീകരിക്കാറില്ല എന്നതാണ് ഈ വിഭാഗത്തെ കൂടുതൽ നിഗൂഢമാക്കുന്നത്. കേവലം ഒരു യുദ്ധസേന എന്നതിലുപരി രാജ്യത്തിന്റെ തന്ത്രപ്രധാനമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏത് സാഹചര്യത്തിലും ഏത് ഭൂപ്രദേശത്തും മിന്നൽ വേഗത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു വിഭാഗമായാണ് ഡെൽറ്റ ഫോഴ്സിനെ ലോകം വിലയിരുത്തുന്നത്.

