ദില്ലി : ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇരകളുടെ വാദം കേള്‍ക്കണമെന്നാണ് കോടതിയുടെ നിർണായക വിധി.
കോഴിക്കോട് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതിജീവിതയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

