Monday, December 15, 2025

ഇങ്ങനെയെങ്കിൽ തിരുത്തി തിരുത്തി പാർട്ടി ഒരു വഴിക്കാകും !ഏരിയ സെക്രട്ടറി പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ! തിരുത്തലുകൾക്ക് ശ്രമിക്കുന്ന സിപിഎം വീണ്ടും വെട്ടിൽ !

കോഴിക്കോട് : തെരഞ്ഞടുപ്പ് കാലത്തെ വമ്പൻ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് തിരുത്തലുകൾക്ക് പാർട്ടി തയ്യാറാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്നേ പാർട്ടിയെ ഒന്നാകെ വെട്ടിലാക്കിക്കൊണ്ട് ഏരിയ സെക്രട്ടറി പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി പി.ഷൈപു, ബാലകൃഷ്‌ണൻ എന്നയാളെ തെറി വിളിക്കുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഇതേ ഏരിയാ സെക്രട്ടറി ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ.

തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനോടുള്ള ഭീഷണി. ‘‘പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം’’ – എന്നാണ് ഫോണിൽ പറയുന്നത്.

അടിച്ച് കണ്ണ് പൊട്ടിക്കുമെന്നാണ് ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തുന്നത്. ബാലകൃഷ്ണനും ഷൈപുവും തമ്മിലുള്ള വാക്കുതർക്കത്തിന്റെ വിഡിയോയാണു പ്രചരിക്കുന്നത്. എന്നാൽ ഒരു പേടിയുമില്ലെന്നാണു ബാലകൃഷ്ണന്റെ മറുപടി. ‘‘നിങ്ങൾക്കെന്നെ കൊല്ലാം. കൊന്നാൽ അന്നു തന്നെ മറുപടി ഉണ്ടാകും. എനിക്ക് 73 വയസ്സായി ഇനി ജീവിക്കണമെന്നില്ല. പണം കക്കാനും മോഷ്ടിക്കാനും നീയൊക്കെ ഇന്നല്ലേ നേതാവായത്’’ – എന്നും വിഡിയോയിൽ ചോദിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles