ലോകം ഉറ്റുനോക്കുന്ന രണ്ട് ശിക്ഷാവിധികൾ ഇന്ന്. ഷാരോൺ രാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെയും അമ്മാവൻ നിർമ്മല കുമാരൻ നായരുടെയും ശിക്ഷ കോടതി ഇന്ന് വിധിക്കും .നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത് .കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തിഗ്രീഷ്മയക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ചെകുത്താന്റെ ചിന്തകൾ എന്നാണ് ഗ്രീഷ്മയെ കുറിച്ച് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും, പഠിക്കണം എന്ന് ആഗ്രഹമുണ്ടെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നുമാണ് ഗ്രീഷ്മയുടെ ആവശ്യം.
അതേസമയം കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിയുടെ ശിക്ഷയും ഇന്ന് വിധിക്കും .കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു .നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പറഞ്ഞു.രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം.2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

