ദില്ലി: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ PACS യൂണിറ്റുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലായിരുന്നു സഹകരണ മേഖലയിൽ ലോകത്തെ ഏറ്റവും
വലിയ ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കുക എന്ന ആശയത്തോടെ 11 PACS ഗോഡൗണുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
11 സംസ്ഥാനങ്ങളിലാണ് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ (PACS) ആദ്യ ഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്. 11 PACS യൂണിറ്റുകൾ രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, 500 PACS യൂണിറ്റുകൾക്ക് വേണ്ടി തറക്കല്ലിടുകയും ചെയ്തു. 18,000 PACS യൂണിറ്റുകളിൽ കമ്പ്യൂട്ടറൈസേഷൻ (ഇആർപി സോഫ്റ്റ് വെയർ) നടത്തുന്നതിനായുള്ള പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ദേശീയ സോഫ്റ്റ് വെയറാണ് ഇആർപി അഥവാ യൂണിഫൈഡ് എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക് എന്നിവയിലൂടെ നബാർഡുമായി (NABARD) പാക്സ് PACS യൂണിറ്റുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതുവഴി പാക്സ് യൂണിറ്റുകളുടെ പ്രവർത്തനക്ഷമത വർദ്ധിക്കുകയും സാധാരണ, ചെറുകിട കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.
PACS യൂണിറ്റുകളെ ശക്തമാക്കുന്നതിനായി നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സഹായങ്ങൾക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നന്ദി അറിയിച്ചു. PACS കേന്ദ്രങ്ങൾക്കായി 2,500 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകിയതെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

